കാരാപ്പുഴ ഡാമിന് സമീപത്തായി ഒരു ഡൊമസ്റ്റിക് വിമാനത്താവളത്തിൻ്റെ സാധ്യത പരിശോധനയിൽ. പറ്റിയില്ലെങ്കിൽ എയർ സ്ട്രിപ്പ് എങ്കിലും എത്തിക്കുന്നതിനുള്ള നീക്കം വീണ്ടും സജീവമായി. വയനാടിൻ്റെ ടൂറിസം, വാണിജ്യം സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ടും കാർഷിക സംസ്കാരം ആദായകരമായി നിലനിർത്തുന്നതിന് ഉദ്ദേശിച്ചും ആണ് വിമാത്താവത്തിനുള്ള സാധ്യതകൾ തേടുന്നത്. വയനാട് ഇതാദ്യമായല്ല വിമാനത്തവളം സാധ്യതകൾ തേടുന്നതും പരിശോധിക്കുന്നതും. ആദ്യം കൽപ്പറ്റ യുടെ ചുറ്റുപാടുകളിൽ ഒരു വിമാനത്താവളം നിർമിക്കുന്നതിന് ആലോചന ഉണ്ടായിരുന്നു.എന്നാൽ ഭൂ നിയമങ്ങളും കണ്ണൂർ വിമാനത്താവള വാദവും ഇതിനെ പിന്നോട്ടടിച്ചു. 2018ൽ ഇപ്പോൾ വയനാട് പുനരധിവാസത്തിന് ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരു വിമാനത്താവളത്തിനായി ശ്രമം നടത്തിയിരുന്നു.എന്നാൽ പ്ലാൻ്റേഷൻ ഭൂമി ഇത്തരം കാര്യങ്ങൾക്കായി ക്രയവിക്രയം ചെയ്യുന്നതിനുള്ള നിയമങ്ങൾ തടസ്സമായി. പിന്നീട് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധിയായതോടെ പ്രദേശത്തിൻ്റെ തലവര തെളിഞ്ഞു. വയനാടിൻ്റെ തനത് സംസ്കാരം നിലനിർത്തിക്കൊണ്ട് കൂടുതൽ സാമ്പത്തിക പുരോഗതിയും വളർച്ചയും സൃഷ്ടിക്കുക എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പദ്ധതികൾ. സ്വയം പര്യാപ്തതയും അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കുന്നതിലും തുടങ്ങി ജനങ്ങൾക്ക് അവർ ചെയ്യുന്ന തൊഴിലിലൂടെ കൂടുതൽ ധനാഗമനം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. അതിനായി ടൂറിസത്തിനും ഇക്കോളജിക്കൽ സൗന്ദര്യവൽക്കരണത്തിനും തനത് കൃഷി രീതികൾക്കും കാർഷിക- ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കപ്പെട്ടു. വയനാട് പ്രതിദിനം പതിനായിരങ്ങൾ സന്ദർശിക്കുന്ന ഇടമാക്കി മാറ്റി. ഇതിനെ പ്രമോട്ട് ചെയ്യുന്ന പ്രചാരണം സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അദ്ദേഹം നടത്തി. വ്യവസായ നിക്ഷേപങ്ങളും പദ്ധതികളും വിഭാവനം ചെയ്തു. 2009 മുതൽ എം.പി.യായിരുന്ന എം.ഐ.ഷാനവാസ് മുന്നോട്ടുവച്ച ശ്രീ ചിത്ര റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കലിംഗ യൂണിവേഴ്സിറ്റി കാംപസ്, ഹൊളിസ്റ്റിക് മെഡിക്കൽ കോളജ് കാംപസ് എന്നിവയൊക്കെ രാഹുൽ പരിഗണിച്ച വിഷയങ്ങളായിരുന്നു. എന്നാൽ നിയമങ്ങളുടെ നൂലാമാലകൾ പറഞ്ഞ് പലതും രാഷ്ട്രീയമായി നശിപ്പിക്കുകയും തടയുകയും വെടക്കാക്കുകയും ചെയ്യുന്ന നിലപാടാണ് കഴിഞ്ഞ 9 വർഷത്തിൽ കേരളത്തിൽ ഉണ്ടായത്. കണിയാമ്പറ്റയിൽ ഒരു വിമാനത്താവളത്തിന്നുള്ള സാധ്യതയും പരിഗണിക്കപ്പെട്ടു. ഭൂമി പരിശോധന വരെ നടത്തി. പിന്നെ നിയമങ്ങളുടെ നൂലാമാല ഉയർത്തി ചിലർ തടഞ്ഞു. പക്ഷെ ടൂറിസത്തിലൂടെയും കൃഷിയിലൂടെയും വയനാട് സാമ്പത്തിക നേട്ടം ഉണ്ടാക്കി. 2024 ൽ വീണ്ടും മത്സരത്തിന് രാഹുൽ എത്തുമ്പോൾ മുന്നിലുണ്ടായിരുന്ന വിമാനത്താവള പദ്ധതിയാണ് കാരാപ്പുഴയിലേത്. ഈ വിമാനത്താവളം സാധ്യമായാൽ വയനാട് അതിവേഗം വികസിതമാകും എന്ന ആശയം പിന്നീട് വന്ന പ്രിയങ്ക ഗാന്ധിയും അംഗീകരിച്ചിട്ടുണ്ട്. പക്ഷെ എങ്ങനെ അത് തടയാം എന്ന ഗവേഷണത്തിലാണ് പതിവുപോലെ മറ്റൊരു കൂട്ടർ. വയനാട്ടിൽ വിമാനത്താവളം വരുന്നതോടെ തമിഴ്നാട്ടിലെ ഗുഡല്ലൂർ, കർണാടകയിലെ മൈസൂർ പ്രദേശങ്ങളുമായി ബന്ധം വർധിക്കുകയും വൻ വികസന കുതിപ്പാകുകയും ചെയ്യും. ഇതിനുള്ള നീക്കങ്ങൾ വീണ്ടും നടന്നു വരികയാണ്. വയനാട്ടിൽ വിമാനത്താവളം സാധ്യമാകാത്ത പക്ഷം കർണാടകയിലെ ഗുണ്ടൽപേട്ടിനും കേരള അതിർത്തിക്കുമിടയിൽ ഒരു വിമാനത്താവളത്തിനുള്ള സാധ്യത കർണാടക സർക്കാർ തേടുന്നുണ്ട്.
Is a domestic airport coming to Wayanad? Or an air strip?